കൊണ്ടോട്ടി: ഒരിക്കൽ പോലും മുട്ടുമടക്കാൻ അനുവദിക്കാത്ത ലീഗ് അനുഭാവികളുടെ കരുത്തിലാണ് എക്കാലത്തും കൊണ്ടോട്ടി യിൽ യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചുകയറാറ്.
അത്രകണ്ട് അടിത്തറയുള്ളതാണ് കൊണ്ടോട്ടിയിലെ മുസ്ലിംലീഗിന്റെ രാഷ്ട്രീയം. ടി.വി. ഇബ്രാഹിം അഞ്ച് വർഷം നിയമസഭയിൽ പ്രതിനിധീകരിച്ച കൊണ്ടോട്ടി മണ്ഡലത്തിൽ പുതുമുഖവും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിയുമായ ടി.പി. അഷ്റഫലിയാണ് ഇത്തവണ ജനവിധി തേടുന്നത്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് സജീവമായ അഷ്റഫലിക്ക് സമാന്തരമായി വിദ്യാർഥി രംഗത്ത് മികച്ച ഇടപെടലുകൾ നടത്തി മുന്നേറിയ സിപിഎം യുവ വനിതാ നേതാവ് ഡോ. പി. ജിജിയാണ് എതിരാളി.
ദേശീയ രാഷ്ട്രീയത്തിന്റെ അടയാളമായി ബിജെപി ബാനറിൽ എൻഡിഎ സ്ഥാനാർഥി ബിജെപി ജില്ലാ അധ്യക്ഷൻ കൂടിയായ പി. സുബ്രഹ്മണ്യനും മത്സരരംഗത്ത് സജീവമാണ്.
രൂപീകൃതമായ കാലം മുതൽ മുസ്ലിം ലീഗിന്റെ അതികായരെ മാത്രം നിയമ നിർമാണ സഭയിലേക്ക് തെരഞ്ഞെടുത്ത് അയച്ച രാഷ്ട്രീയ ബോധവും ഇടപെടലുമുള്ള മണ്ഡലമാണ് കൊണ്ടോട്ടി.തികച്ചും അപ്രതീക്ഷിതമായാണ് യുഡിഎഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗ് പ്രതിനിധിയായ നിലന്പൂർ സ്വദേശി ടി.പി. അഷ്റഫലി എത്തുന്നത്.
നിലവിലെ രാഷ്ട്രീയ ചിത്രത്തിൽ രണ്ട് തവണ കൊണ്ടോട്ടിയെ പ്രതിനിധാനം ചെയ്ത ടി.വി. ഇബ്രാഹിം മത്സര രംഗത്തെത്തുന്നത് അനുകൂലിച്ചും പ്രതികൂലിച്ചും മാതൃസംഘടനയായ ലീഗിൽനിന്നും മുന്നണിയിൽനിന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിരുന്നു.
ഇതിനിടെ, പാർട്ടിയുടെ ഉറച്ച കോട്ടയിൽ മുതിർന്ന നേതാക്കളെ പരീക്ഷിക്കുന്ന പതിവു നയം മാറ്റി നേതൃത്വം യുവതയുടെ താത്പര്യത്തിന് ഉൗന്നൽ നൽകുന്ന ഭാവി രാഷ്ട്രീയ പ്രഖ്യാപനമായി അഷ്റഫലിയെ മത്സരരംഗത്തിറക്കുകയായിരുന്നു.
എൽഡിഎഫും യുവതയുടെ പ്രതീകമായി ഡോ. പി. ജിജിയെ മത്സരരംഗത്തിറക്കിയതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം കൊണ്ടോട്ടിയിൽ ചൂടുപിടിക്കുകയാണ്. കാലിക്കട്ട് സർവകലാശാല വിദ്യാർഥി രാഷ്ട്രീയത്തിൽ പേരടയാളപ്പെടുത്തി എത്തിയ ജിജി മുന്പ്് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരേ വേങ്ങരയിൽ മത്സരിച്ചിട്ടുണ്ട്.
മത്സര ചിത്രം തെളിഞ്ഞതോടെ പ്രധാന മുന്നണി സ്ഥാനാർഥികളെല്ലാം പ്രചാരണ രംഗത്ത് സജീവമാണ്. മണ്ഡലത്തിൽ ജനങ്ങൾക്കിടയിൽ വേരോട്ടമുള്ള പ്രമുഖരെ നേരിൽ കണ്ട് വോട്ടഭ്യർഥിച്ചാണ് പ്രമുഖ മുന്നണികളുടെ സ്ഥാനാർഥികളെല്ലാം ആദ്യഘട്ട പ്രചരണത്തിൽ സജീവമായത്.
നിലവിലെ രാഷ്ട്രീയാന്തരീക്ഷത്തിൽ എൽഡിഎഫ് ഭരണ മുന്നണിക്കെതിരായ ജനവികാരം അനുകൂലവോട്ടാകുമെന്ന ഉറച്ച് വിശ്വാസത്തിലാണ് കന്നിയങ്കത്തിൽ ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർഥി അഷ്റഫലി.
സ്ഥാനാർഥി പ്രഖ്യാപന ശേഷം മണ്ഡലത്തിലെത്തിയ നാൾ മുതൽ ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ആത്മവിശ്വസമേറിയതായി അഷ്റഫലി പറയുന്നു.വാശിയേറിയ മത്സരത്തിന് മാറ്റം ആഗ്രഹിക്കുന്ന കൊണ്ടോട്ടിയിലെ ജനങ്ങളുടെ പിന്തുണയുണ്ടെന്ന് എൽഡിഎഫ് സ്ഥാനാർഥി ജിജിയും വ്യക്തമാക്കി.
എടവണ്ണപ്പാറ സ്വദേശിനിയായ ജിജി സിപിഎം മഞ്ചേരി ഏരിയാ കമ്മിറ്റിയംഗമാണ്. 10 വർഷത്തിനിടെ കൊണ്ടോട്ടി മണ്ഡലത്തിൽ സർക്കാർ ഫണ്ടുപയോഗിച്ച് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും ജനക്ഷേമനടപടികളും വിജയത്തിന് സഹായകരമാകുമെന്നാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ അവകാശവാദം.
ഇടത്-വലത് മുന്നണികളുടെ രാഷ്ട്രീയ പാപ്പരത്വം അനുകൂല വോട്ടായി മാറുമെന്നാണ് എൻഡിഎ സ്ഥാനാർഥി പി. സുബ്രഹ്മണ്യൻ പറയുന്നത്.
കൊണ്ടോട്ടി നഗരസഭയും വാഴയൂർ, വാഴക്കാട്, ചെറുകാവ്, പുളിക്കൽ, ചീക്കോട്, മുതുവല്ലൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ട കൊണ്ടോട്ടി മണ്ഡലത്തിൽ നിലവിൽ വാഴയൂരിൽ മാത്രമാണ് എൽഡിഎഫിന് മേൽക്കൈയുള്ളത്. മറ്റിടങ്ങളിലെല്ലാം വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫാണ് ഭരണത്തിൽ.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്പ് യുഡിഎഫിൽ ലീഗും കോണ്ഗ്രസും വിവിധ കേന്ദ്രങ്ങളിൽ പ്രാദേശികമായി രൂപപ്പെട്ട തർക്കങ്ങളും എൽഡിഎഫിൽ സിപിഎം, സിപിഐ കക്ഷികൾ തമ്മിലുള്ള അസ്വാരസ്യങ്ങളും പരിധിവരെ പരിഹരിക്കാനായെന്ന ആത്മവിശ്വാസത്തിലാണ് ഇരുമുന്നണികളും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.